
കേരളത്തിൽ മരണസംഖ്യ കുറയുന്നത് സർക്കാരിന്റെ പെൻഷൻബാധ്യത കൂട്ടിയെന്ന പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ് എന്നതും ഒരു പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി കേരളത്തിലെ മരണനിരക്ക് കുറയുന്നതും സംസ്ഥാന സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത്. .
പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ? ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്.
80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങൾക്കു പെൻഷനെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.











